പാണത്തൂർ അത്തിക്കയത്തെ ബിന്ദുവിൻ്റെ വീടിൻ്റെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത് ബിജെപി പ്രവർത്തകർ.

 

പാണത്തൂർ: വീടിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട് അപകടത്തിലായ പാണത്തൂർ അത്തിക്കയത്തെ ഇഞ്ചക്കാലയിൽ ബിന്ദു മനോജിന്റെ വീടിൻ്റെ സംരക്ഷണ ഭിത്തിയുടെ പ്രവൃത്തി ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ തുടങ്ങി. 8 -ാം വാർഡ് മെമ്പർ എം ഷിബുവിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം പണികൾ തുടങ്ങിയത്. രണ്ടാഴ്ച മുമ്പാണ്
വീടിൻ്റെ ഇരുവശങ്ങളിലേയും സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടർന്ന് വീട് അപകട ഭീഷണിയിലായത്.
ഭർത്താവ് നേരത്തെ മരണപ്പെട്ട ബിന്ദുവും മകളും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്തുന്നതിന് ഏകദേശം രണ്ടര ലക്ഷം രൂപ ചിലവ് വരും എന്നാണ് കണക്കാക്കുന്നത്. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബിന്ദുവിന് ഈ ചിലവ് താങ്ങാൻ കഴിയാത്തതിനാൽ സംരക്ഷണഭിത്തി കെട്ടുന്നതിന് പുറമെ നിന്നുള്ള സഹായം അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യം പാണത്തൂർ വാർത്ത നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തയറിഞ്ഞെത്തിയ ചില സാമൂഹിക പ്രവർത്തകർ സഹായങ്ങൾ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം ആരംഭിക്കാത്തതിനാൽ വീടിൻ്റെ അപകടസാധ്യത മനസ്സിലാക്കി ബിജെപി പ്രവർത്തകർ പ്രവൃത്തി ഏറ്റെടുത്ത് നടത്തുകയായിരുന്നു.
വാർഡ് മെമ്പർ എം ഷിബു, ബിജെപി പനത്തടി പഞ്ചായത്ത്‌ കമ്മറ്റി സെക്രട്ടറി ഉദയൻ വളപ്പിൽ, മുരളി എ.കെ എന്നിവരുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ സഹായമനസ്കരായ ആളുകളെ കണ്ടെത്തിയാണ് നിർമ്മാണ സാമഗ്രികൾ സംഘടിപ്പിച്ചു കൊണ്ട് നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *