തൃക്കരിപ്പൂരിൽ ലീഗ് വർഗീയത പ്രചരിപ്പിച്ചു, തെളിവുണ്ട്, ധൈര്യമുണ്ടോ കേസുകൊടുക്കാൻ; വെല്ലുവിളിച്ച് പി ജയരാജൻ

കണ്ണൂര്‍: തെരഞ്ഞെടുപ്പ് സമയത്ത് തൃക്കരിപ്പൂരിലെ മുസ്‌ലിം വീടുകളില്‍ പോയി മുസ്ലിം ലീഗുകാര്‍ വര്‍ഗീയത പ്രചരിപ്പിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍. വിപിപി മുസ്തഫ ഇസ്ലാമിക ചര്യ പിന്തുടരാത്ത ആളാണെന്ന് പ്രചരിപ്പിച്ചു. ഈ പ്രചാരണം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുസ്തഫയുടെ തോല്‍വിക്ക് കാരണമായെന്നും പി ജയരാജന്‍ പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ ഈ പ്രതികരണത്തില്‍ തനിക്കെതിരെ മുസ്‌ലിം ലീഗ് കേസ് കൊടുക്കണമെന്നും ജയരാജന്‍ വെല്ലുവളിച്ചു.

‘കേരളത്തില്‍ മുസ്‌ലിം വര്‍ഗീയതയും സജീവമാണ്. തൃക്കരിപ്പൂര്‍ അതിന് തെളിവാണ്. മതവികാരം ഇളക്കിവിടാന്‍ ലീഗ് ശ്രമിച്ചു. തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വീടുകളില്‍ പോയി ലീഗുകാര്‍ വര്‍ഗീയത പ്രചരിപ്പിച്ചു. വിപിപി മുസ്തഫ ഇസ്ലാമിക ചര്യ പിന്തുടരാത്ത ആളാണെന്ന് പ്രചരിപ്പിച്ചു. ഉമ്മ മരിച്ചപ്പോള്‍ പള്ളിയില്‍ പോയില്ല എന്ന് വീടുകളില്‍ കയറി പറഞ്ഞു. ഈ പ്രചാരണം മുസ്തഫയുടെ തോല്‍വിക്ക് കാരണമായി. പച്ചയായ വര്‍ഗീയതയാണ് ലീഗ് പ്രചരിപ്പിച്ചത്.ഇതിന് തെളിവുണ്ട്. ധൈര്യമുണ്ടെങ്കില്‍ ഈ പ്രതികരണത്തില്‍ കേസുകൊടുക്കൂ ലീഗുകാരേ…’ അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബിജെപിക്ക് മൂന്ന് സീറ്റ് കിട്ടിയത് അപകട സൂചനയാണെന്ന് ബംഗാളിനെ ഓർമിപ്പിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗാളില്‍ 10 വര്‍ഷം മുമ്പ് ബിജെപിക്ക് മൂന്ന് സീറ്റായിരുന്നു. ബിജെപി ബംഗാളില്‍ ഭരണത്തില്‍ എത്തി എന്ന് ഓര്‍മ വേണം. കോണ്‍ഗ്രസും ലീഗും ഇത് തിരിച്ചറിയുന്നില്ല. അവർ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയത് വ്യക്തമാണെന്നും പി ജയരാജൻ പറഞ്ഞു. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തണം. വര്‍ഗീയ ശക്തികളെ പ്രതിരോധിക്കാന്‍ സിപിഐഎം ശക്തമായി നിലനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *