നാല് ലക്ഷം രൂപയുടെ എ.ബി കേബിൾ മോഷണം; അന്തർസംസ്ഥാന സംഘത്തിലെ നാലുപേർ അറസ്റ്റിൽ

ബദിയടുക്ക: എൻമകജെ ഗുണാജെയിൽ കെ.എസ്.ഇ.ബി പെർള സെക്ഷൻ ഓഫീസിന്റെ പരിധിയിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന എ.ബി കേബിളുകൾ മോഷ്ടിച്ച കേസിൽ നാലംഗ സംഘം അറസ്റ്റിൽ. അന്തർസംസ്ഥാന മോഷണസംഘവുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്ന പ്രതികളെ ബദിയടുക്ക പോലീസ് 36 മണിക്കൂറിനകം പിടികൂടുകയായിരുന്നു.

പെർള അഡുക്കയിൽ താമസിക്കുന്ന മംഗളൂരു മഞ്ചനാടി അസിജോലി സ്വദേശി നൗഷാദ് (34), പഞ്ചിക്കൽ-ബംബ്രാണയിലെ ഇ. മുഹമ്മദ് (42), ബണ്ട്വാൾ പുദു പറങ്കിപ്പേട്ട സങ്കീർമുള്ളി ഹൗസിലെ മുഹമ്മദ് ഷാഹിദ് (29), ബൈത്തുൽ പടവ് പച്ചിനടുക്ക കല്ലിഗെയിലെ നവീൻ (48) എന്നിവരാണ് അറസ്റ്റിലായത്. കുമ്പള ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

കഴിഞ്ഞ 23ന് വൈകിട്ട് അഞ്ചിനും 24ന് രാവിലെ 9.30നും ഇടയിലാണ് മോഷണം നടന്നത്. ഗുണാജെയിലെ ട്രാൻസ്‌ഫോർമറിന് സമീപം റോഡരികിൽ സൂക്ഷിച്ചിരുന്ന എ.ബി കേബിളുകളാണ് KL 14 AE 9095 നമ്പർ വാഹനത്തിലെത്തിയ സംഘം കടത്തിയത്. ഏകദേശം നാല് ലക്ഷം രൂപ വിലമതിക്കുന്ന കേബിളുകളാണ് നഷ്ടപ്പെട്ടത്.

കെ.എസ്.ഇ.ബി നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രദേശത്തെ വീടുകളിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ദൃശ്യങ്ങളിൽ കണ്ടെത്തിയ വാഹനത്തിന്റെ ഉടമയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം വാടകയ്ക്ക് എടുത്തിരുന്ന നൗഷാദിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.

നൗഷാദിനെ ചോദ്യം ചെയ്തതോടെ കേസിലെ മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. തുടർന്ന് രണ്ടാം പ്രതി മുഹമ്മദിനെ കുമ്പളയിൽ നിന്നും മുഹമ്മദ് ഷാഹിദിനെയും നവീനെയും മംഗളൂരുവിലെ പടീൽ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുമായി പോലീസ് പിടികൂടി.

പ്രതികളെ ചോദ്യം ചെയ്തതിൽ നീർച്ചാൽ വിഷ്ണുമൂർത്തി നഗറിൽ നിർമ്മാണത്തിലിരിക്കുന്ന പെട്രോൾ പമ്പിൽ നിന്ന് ഇരുമ്പ് ഡോറുകൾ മോഷ്ടിച്ച സംഭവത്തിലും ഇവർക്ക് പങ്കുള്ളതായി കണ്ടെത്തിയതായി പോലീസ് അറിയിച്ചു. സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി പി. നിതിൻ രാജിന്റെ നിർദേശപ്രകാരം രൂപീകരിച്ച അന്വേഷണ സംഘത്തിൽ കുമ്പള ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയ്ക്ക് പുറമെ എസ്.ഐമാരായ സുനിൽ കുമാർ, വിനോദ് കുമാർ, എ.എസ്.ഐമാരായ സിനീഷ് സിറിയക്, ശശി പ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് വർഗീസ്, സുഭാഷ്, ഗോകുൽ, രതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ധനേഷ്, ഷിബിൻ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ശ്രീനേഷ് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *