ബദിയഡുക്കയിൽ രണ്ട് സ്വിഫ്റ്റ് കാറുകളും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

ബദിയടുക്ക: കന്യാപാടിയിൽ രണ്ട് സ്വിഫ്റ്റ് കാറുകളും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 1.45ഓടെ ആശ്രമഭാഗം വളവിലായിരുന്നു അപകടം.അമിത വേഗത്തിലെത്തിയ രണ്ട് സ്വിഫ്റ്റ് കാറുകൾ എതിർദിശയിൽ വന്ന ലോറിയുടെ ഡീസൽ ടാങ്ക് ഭാഗത്ത് ഇടിക്കുകയായിരുന്നു. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന ജബ്ബാറിനും കാറുകളിലുണ്ടായിരുന്ന അഫ്സൽ, അജ്നാൽ എന്നിവർക്കുമാണ് പരിക്കേറ്റത്. ഇവരെ കാസർകോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ രണ്ട് കാറുകളും പൂർണമായും തകർന്നു. ലോറിക്കും കാര്യമായി കേടുപാടുകൾ സംഭവിച്ചു. ലോറിയിൽ ഇടിച്ച് കുടുങ്ങിക്കിടന്ന വാഹനത്തെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുടെ വാഹനത്തിലെ വിഞ്ച് ഉപയോഗിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

ലോറിയുടെ ഡീസൽ ടാങ്കും ഓയിൽ ടാങ്കും പൊട്ടിയതിനെ തുടർന്ന് റോഡിൽ ഡീസലും ഓയിലും പരന്നിരുന്നു. സേനാംഗങ്ങൾ റോഡിലെ വഴുക്കൽ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചത്.

കെ.എ.21.സി.0338 നമ്പർ ലോറിയും കെ.എൽ.14.എ.ഇ.0915 നമ്പർ വെള്ള സ്വിഫ്റ്റും കെ.എൽ.14.എ.ജെ.0035 നമ്പർ കറുത്ത സ്വിഫ്റ്റുമാണ് അപകടത്തിൽപ്പെട്ടത്.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകു വർഗീസിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ. വിജിതിൻ കൃഷ്ണൻ, അതുൽ രവി, സി.കെ. അഭിനന്ദ്, എൻ.പി. രാകേഷ്, ഒ.കെ. പ്രജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *