മടിക്കൈ: കാലാവസ്ഥയിൽ വന്ന അസാധാരണ മാറ്റവും കടുത്ത ചൂടും പച്ചക്കറി കർഷകർക്ക് തിരിച്ചടിയായി. സാധാരണ ഓണം കഴിഞ്ഞാൽ ആവശ്യത്തിനനുസരിച്ച് മാത്രം വിളവെടുക്കുന്ന കർഷകർ ഇത്തവണ കാലാവസ്ഥ ചതിച്ചതോടെ നേരത്തെ വിളവെടുക്കാൻ നിർബന്ധിതരായി.
നവരാത്രിക്ക് രണ്ടുദിവസം മുമ്പാണ് സാധാരണയായി മത്തൻ, വെള്ളരി, കുമ്പളം തുടങ്ങിയ വിളകളുടെ കൂടുതൽ വിളവെടുപ്പ് നടത്താറുള്ളത്. എന്നാൽ ഇത്തവണ ഏപ്രിൽ, മെയ് മാസങ്ങളിലേതിന് സമാനമായ ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് തുടർന്നാൽ വിളകളിലെ വെള്ളവും ഈർപ്പവും നഷ്ടപ്പെട്ട് നശിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കർഷകർ പറയുന്നത്.
ഇതേത്തുടർന്ന് പച്ചക്കറി കർഷകനായ സാബു കാരാക്കോട് ഏകദേശം 30 ക്വിന്റലോളം മത്തൻ, വെള്ളരി, കുമ്പളം എന്നിവ നേരത്തെ പറിച്ചെടുത്ത് സ്റ്റോക്കാക്കി വെച്ചിരിക്കുകയാണ്. എന്നാൽ കല്യാണങ്ങളും ഉത്സവങ്ങളും കുറവായതിനാൽ ആവശ്യക്കാരും കുറവാണ്. ഇനി നവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള വിപണിയിലാണ് കർഷകരുടെ പ്രതീക്ഷ.
കാലാവസ്ഥാ വ്യതിയാനം വിളകളെ പ്രതികൂലമായി ബാധിച്ചതിനൊപ്പം കൃഷിയിടങ്ങളിലെ മറ്റ് പ്രശ്നങ്ങളും രൂക്ഷമായിട്ടുണ്ട്. സാധാരണ ഒരുമിച്ച് വിളവെടുത്ത് മാറ്റാൻ കഴിയുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. കുറച്ച് മാത്രം വിളവെടുക്കുന്നതിനാൽ തൊഴിലാളികളെ ഒരുമിച്ച് നിയോഗിച്ച് പണിയെടുപ്പിക്കാനും കഴിയുന്നില്ല.
വിളകൾ പലതും ഉണങ്ങുന്നതിനൊപ്പം കാടും പുല്ലും വ്യാപകമായി വളരുന്നതും കൃഷിയിടങ്ങളിൽ പുഴുക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ വർധിക്കാൻ കാരണമായിട്ടുണ്ട്. പുറത്തുനിന്ന് നോക്കുമ്പോൾ കൃഷിയിടങ്ങളിൽ നല്ല പച്ചപ്പ് കാണാമെങ്കിലും ഇതിനുള്ളിലെ പല വിളകളും ഉണങ്ങിയ നിലയിലാണ്. അതേസമയം കാടും പുല്ലും മികച്ച രീതിയിൽ വളരുന്ന സാഹചര്യമാണ്.
മഴക്കാലത്ത് ഇടവിട്ട് മഴ ലഭിച്ചിരുന്ന സമയത്ത് കാടും പുല്ലും അരച്ചുവളരുന്ന സാഹചര്യമുണ്ടായിരുന്നു. അന്ന് നെല്ലിനും അനുകൂലമായ കാലാവസ്ഥയായിരുന്നു. എന്നാൽ ഇപ്പോഴത്തെ അമിത ചൂടും കാലാവസ്ഥാ വ്യതിയാനവും പച്ചക്കറി ഉൾപ്പെടെയുള്ള വിളകളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് കർഷകനും സംസ്ഥാന കൃഷി അവാർഡ് ജേതാവുമായ സാബു കാരാക്കോട് പറഞ്ഞു.
അന്യസംസ്ഥാനങ്ങളിൽ നിന്ന് ലോഡ് കണക്കിന് കുറഞ്ഞ വിലയ്ക്ക് പച്ചക്കറികൾ എത്തുന്നതാണ് നാടൻ പച്ചക്കറി കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് കർഷകർ പറയുന്നു. കർണാടകയിൽ നിന്നടക്കം മത്തൻ, കുമ്പളം തുടങ്ങിയവ വലിയ തോതിൽ എത്തുന്നതിനാൽ മൊത്തവ്യാപാരികൾക്ക് കുറഞ്ഞ നിരക്കിൽ അവ ലഭിക്കും. ഇതോടെ നാടൻ ഉൽപ്പന്നങ്ങൾക്ക് അതേ നിരക്കിൽ വില ലഭിക്കാത്ത സാഹചര്യമാണുള്ളത്.
ചെറുകിട കർഷകർക്ക് നേരിട്ട് ചില്ലറ വ്യാപാരികൾക്ക് വിൽക്കുമ്പോൾ അൽപം മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും വലിയ തോതിലുള്ള വിളവ് വിപണിയിലെത്തിക്കുന്നത് പ്രയാസമാണ്. നവരാത്രി കാലത്ത് ക്ഷേത്രങ്ങളിൽ പച്ചക്കറികൾക്ക് ആവശ്യകത വർധിക്കുമെന്ന പ്രതീക്ഷയിലാണ് നിലവിൽ പല കർഷകരും വിളകൾ സൂക്ഷിക്കുന്നത്. നവരാത്രിക്ക് ശേഷം വിവാഹ സീസൺ ആരംഭിക്കുന്നതോടെ ആവശ്യകത കൂടുമെന്ന പ്രതീക്ഷയും കർഷകർക്കുണ്ട്.











Leave a Reply