കുടുംബശ്രീയുടെ കൈത്താങ്ങിൽ സന്ധ്യയ്ക്ക് സ്വന്തം വീടൊരുങ്ങും

പാണത്തൂർ: പനത്തടി ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും ചേർന്ന് നടപ്പാക്കുന്ന ‘ശ്രീഭവനം’ പദ്ധതിക്ക് തറക്കല്ലിട്ടു. പഞ്ചായത്തിലെ ഏറ്റവും അർഹതപ്പെട്ട കുടുംബശ്രീ അംഗത്തിന് പദ്ധതിയിലൂടെ ഭവനം നിർമിച്ചുനൽകും.പഞ്ചായത്തിലെ 246 കുടുംബശ്രീകളിലെ അംഗങ്ങളിൽനിന്ന് 100 രൂപ വീതം സമാഹരിച്ചും അഭ്യുദയകാംക്ഷികളിൽനിന്ന് സംഭാവന സ്വീകരിച്ചുമാണ് പദ്ധതി നടപ്പാക്കുന്നത്. പതിനൊന്നാം വാർഡിലെ സന്ധ്യ സന്തോഷിനാണ് പദ്ധതിയിലൂടെ വീട് നിർമിച്ചുനൽകുക.

കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ വിദ്യ കെ.യുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് രഘുനാഥ് തറക്കല്ലിടൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പദ്മകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ അജിത് ,വാർഡ് മെമ്പർ ഐസി ഐസക് മറ്റ് വാർഡുകളിലെ മെമ്പർമാരായ മോഹൻദാസ്, കെ കെ വേണുഗോപാൽ, എം ബാലകൃഷ്ണൻ, റീന തോമസ്, പ്രസീത റാണി, ഷിബു എം, എന്നിവർ ആശംസകൾ നേർന്നു.

സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ പുഷ്പലത സ്വാഗതവും പതിനൊന്നാം വാർഡ് സി.ഡി.എസ്. അംഗം പ്രഭ നന്ദിയും പറഞ്ഞു. കുടുംബശ്രീ അംഗങ്ങളും ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *