പരപ്പ: പരപ്പ ആസ്പിറരേഷനൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ജില്ലാതല അവലോകനയോഗം കലക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ചേർന്നു. ഗർഭിണികൾക്ക് ഐസിഡിഎസ് വഴി പോഷകാഹാരം വിതരണം ചെയ്യുന്നതിൽ ജൂലൈയിൽ 100 ശതമാനം വിജയം കൈവരിച്ചു. ആറു വയസ്സുവരെയുള്ള കുട്ടികൾക്കുവേണ്ടിയുള്ള പോഷകാഹാര വിതരണം 99.05 ശതമാനം നേട്ടം കൈവരിച്ചു.
ഹൈപ്പർടെൻഷൻ, ഡയബറ്റിസ് എന്നിവയ്ക്കുള്ള നിർണയ ടെസ്റ്റുകൾ കൂട്ടാനും ഇതുമായി ബന്ധപ്പെട്ട പഞ്ചായത്ത് തലത്തിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്താനും തീരുമാനമായി.
ആരോഗ്യ സ്ഥാപനങ്ങളുടെ ഗുണനിലവാര പരിശോധനകൾ ഊർജിതമാക്കാൻ ശ്രമങ്ങൾ നടത്തും. നിലവിൽ പരപ്പ ബ്ലോക്കിലെ 60 സ്ഥാപനങ്ങളിൽ 9 എണ്ണം ഗുണനിലവാര പരിശോധനയിൽ നാഷനൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡിൽപെട്ടിട്ടുണ്ട്. എന്നാൽ ബാക്കിയുള്ളവയുടെ ഗുണനിലവാരം ഉയർത്താനുള്ള ശ്രമങ്ങളും തുടരും. ആയുഷ് ആരോഗ്യമന്ദിറുകളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും സിവിൽ വർക്കുകൾ എത്രയും വേഗം പൂർത്തിയാക്കാൻ തീരുമാനിച്ചു. ഇതിനായി ഒരുലക്ഷം രൂപവീതം നേരത്തെ അനുവദിച്ചിരുന്നു. പ്ലാനിങ് ഓഫിസ് റിസർച് അസിസ്റ്റന്റ് കുഞ്ഞിക്കൃഷ്ണൻ യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ബിന്ദു, ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ.ലത, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ.രജിത, ജില്ലാ മെഡിക്കൽ ഓഫിസർ കെ.ടി.രേഖ, ഡപ്യൂട്ടി പ്ലാനിങ് ഓഫിസർ റിജു മാത്യു, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.












Leave a Reply