കേരള കർഷകസംഘം കാസർകോട് ജില്ലാ സമ്മേളനം നാളെ തുടങ്ങും

ചെറുവത്തൂർ:കേരള കർഷകസംഘം കാസർകോട് ജില്ലാ സമ്മേളനത്തിന് നാളെ തിമിരി ബാങ്ക്‌ ഓഡിറ്റോറിയത്തിൽപി പത്‌മനാഭൻ മാസ്‌റ്റർ നഗറിൽ തുടക്കം. പ്രതിനിധി സമ്മേളനം രാവിലെ 10ന്‌ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ അഡ്വ.എസ്‌ കെ പ്രീജ ഉദ്‌ഘാടനം ചെയ്യും.13ന് വൈകുന്നേരം നാലിന്‌ കെ പി വത്സലൻ നഗറിൽ നടക്കുന്ന പൊതു സമ്മേളനം അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. 290 പ്രതിനിധികളും സ‍ൗഹാർദ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. മികച്ച കർഷകർ, ഉന്നത വിജയം നേടിയ വിദ്യാർഥികൾ എന്നിവർക്കുള്ള ആദരവും നടക്കും. പൊതു സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക 11ന്‌ പകൽ മൂന്നിന്‌ കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി എച്ച്‌ കുഞ്ഞമ്പു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ടി പി ശാന്തക്ക്‌ കൈമാറും. പൊതു സമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരം പകൽ മൂന്നിന്‌ ചീമേനി രക്തസാക്ഷി മന്ദിരത്തിൽ നിന്നും ജില്ലാ സെക്രട്ടറി പി ജനാർദനൻ ജില്ല ജോയിന്റ്‌ സെക്രട്ടറി കെ പി രാമചന്ദ്രന്‌ കൈമാറും. പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ചെറുവത്തൂർ വി വി സ്‌മാരക സ്‌തൂപത്തിൽ നിന്നും സംസ്ഥാന കമ്മിറ്റിയംഗം പി ആർ ചാക്കോ ജില്ല കമ്മിറ്റിയംഗം കെ രമണിക്ക്‌ കൈമാറും. കൊടിമരം വൈകുന്നേരം 4.30ന്‌ തിമിരി ടി കെ സി സ്‌മാരകത്തിൽ നിന്നും സംസ്ഥാന കമ്മിറ്റിയംഗം കെ ആർ ജയാനന്ദ ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ്‌ റാഫിക്ക്‌ കൈമാറും. കൊടിമര പതാക ജാഥകൾ അത്‌ലറ്റുകളുടെ റിലേ അകമ്പടിയോടെ സമ്മേളന നഗരിയിൽ എത്തിക്കും. വൈകുന്നേരം 5.30ന്‌ സംഘാടക സമിതി ചെയർമാൻ മാധവൻ മണിയറ പതാക ഉയർത്തും. പ്രതിനിധി സമ്മേളന നഗരിയിൽ തെളിയിക്കാനുള്ള ദീപശിഖ 12ന്‌ രാവിലെ എട്ടിന്‌ കാലിക്കടവ്‌ സി കൃഷ്‌ണൻ നായർ സ്‌മാരകത്തിൽ നിന്നും ആദ്യകാല നേതാവ്‌ എം വി കോമൻ നമ്പ്യാർ ജില്ല എക്‌സിക്കുട്ടീവംഗം ടി വി കുഞ്ഞിക്കൃഷ്‌ണന്‌ കൈമാറും. സമ്മേളനത്തിന്റെ പ്രചരണാർഥം വിവിധ വില്ലേജുകളിൽ അനുമോദനം, സെമിനാർ, കലാ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തിൽ കർഷകർ നേരിടുന്ന പ്രതിസന്ധികളും സാമൂഹ്യ വിഷയങ്ങളും ചർച്ചയാകും. സമാപന ദിവസം 5000 പേരെ പങ്കെടുപ്പിച്ച്‌ കൊണ്ടുള്ള പൊതു പ്രകടനം വൈകുന്നേരം നാലിന്‌ കണ്ണാടിപ്പാറയിലെ കൊടക്കാട്‌ ബാങ്ക്‌ പരിസരത്ത്‌ നിന്നും ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *