ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ കമ്മിറ്റിയുമായി സിപിഐഎം; പി ജയരാജന് സംസ്ഥാനതല ചുമതല

കാസര്‍കോട്: ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ കമ്മിറ്റിയുമായി സിപിഐഎം. കാസര്‍കോട് ജില്ലയില്‍ ടെമ്പിള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഏരിയാ തലങ്ങളില്‍ ക്ഷേത്ര ഭാരവാഹികളുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുകയും ചെയ്തു. എല്ലാ ജില്ലകളിലും കമ്മിറ്റികള്‍ രൂപീകരിക്കാനാണ് തീരുമാനം. മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജനാണ് സംസ്ഥാനതല ചുമതല നല്‍കിയിരിക്കുന്നത്.പാര്‍ട്ടി കേഡര്‍മാരും അനുഭാവികളും ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പാടില്ലെന്നതാണ് സിപിഐഎമ്മിന്റെ പൊതുനിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെമ്പിള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ മലബാറിലായിരിക്കും നടപ്പിലാക്കുക. ഇതിന്റെ ഭാഗമായാണ് പാര്‍ട്ടിയോട് അനുഭാവമുള്ള ക്ഷേത്ര ഭാരവാഹികളുടെ യോഗം വിളിച്ചുചേര്‍ത്തത്.ക്ഷേത്ര ആഘോഷങ്ങളിലും പരിപാടികളിലും ഇടപെടല്‍ നടത്താനാണ് ആലോചന. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് തീരുമാനം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് നേടിയ ബിജെപി ക്ഷേത്ര കമ്മിറ്റികളിലെ ആര്‍എസ്എസ് സാന്നിധ്യത്തെ കൃത്യമായി ഉപയോഗിച്ചെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. കേരളത്തിലെ മതേതര പാരമ്പര്യത്തിന് ബിജെപിയുടെ നീക്കങ്ങള്‍ ഭീഷണിയാണെന്നും വിലയിരുത്തലുണ്ടായിരുന്നു. ഇതിനിടെയാണ് ക്ഷേത്രങ്ങളിൽ പിടിമുറുക്കാനുള്ള സിപിഐഎം നീക്കം.

Leave a Reply

Your email address will not be published. Required fields are marked *