കാട്ടാനയുടെ മുന്നിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കർഷകൻ; ഓട്ടത്തിനിടെ വീണ് പരുക്ക്

 

പാണത്തൂർ: കാട്ടാനയുടെ ആക്രമണത്തിൽനിന്ന് കർഷകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാറക്കടവ് ഉന്നതിയിലെ സി.പി. മാധവനാണ് കാട്ടാനയുടെ മുന്നിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ പരുക്കേറ്റത്. ഞായറാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു സംഭവം.
തന്റെ കൃഷിയിടത്തിലെ കപ്പക്കൃഷിക്ക് കാവൽ കിടക്കുകയായിരുന്ന മാധവനു നേരെ കർണാടക വനത്തിൽനിന്നെത്തിയ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. മാധവന്റെ വളർത്തുനായയെയും മാധവനെയും ആന ഓടിച്ചു. ഭയന്നോടുന്നതിനിടെ വീണാണ് മാധവന് പരുക്കേറ്റത്.
വിവരമറിഞ്ഞ് പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ സ്ഥലത്തെത്തി കാട്ടാനയെ വനത്തിലേക്ക് തുരത്തി. തുടർന്ന് പരുക്കേറ്റ മാധവനെ പാണത്തൂർ ആശ്വാസ് മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ കുറച്ചുകാലമായി പാണത്തൂർ പാറക്കടവ് പരിസരത്ത് കാട്ടാനശല്യം രൂക്ഷമാണ്. കൃഷിയിടങ്ങളിൽ കയറി വൻതോതിൽ കൃഷി നശിപ്പിക്കുന്നത് ഇവിടെ പതിവായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *