രാജപുരത്തെ കള്ളത്തോക്ക് നിർമ്മാണം. രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ .

രാജപുരം – രാജപുരത്തെ കള്ളത്തോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി രാജപുരം സിഐ രാജേഷ് പി അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി കള്ളാർ സ്വദേശിയായ സന്തോഷ് വിജയൻ (36), മൂന്നാം പ്രതിയായ പരപ്പ മുണ്ടത്തടത്തിലെ ഷാജി പിജെ (55) എന്നിവരെയാണ് ഇന്ന് രാവിലെ ആറുമണിയോടെ കൂടി പരപ്പയിൽ വെച്ച് കസ്റ്റഡിയിലെടുത്തത്. പ്രതികൾ രണ്ടുപേരും കർണാടകത്തിലേക്ക് കടക്കുവാൻ ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റ്. സ്റ്റേഷനിൽ ഹാജരാക്കിയ ഇവരെ ഒന്നാം പ്രതി തിരിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. ബേക്കൽ ഡിവൈഎസ്പി വിവി മനോജ് കുമാർ സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.രണ്ടും മൂന്നും പ്രതികൾക്ക് വേണ്ടിയാണ് ഒന്നാംപ്രതി തോക്ക് നിർമ്മിച്ചതെന്നും, കേസിൽ ഒരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും, ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് പോലീസെന്നും സിഐ പറഞ്ഞു. ഇയാൾക്ക് വേണ്ടിയാണ് മൂന്നാമത്തെ തോക്ക് നിർമ്മിച്ചതെന്നും പോലീസ് പറഞ്ഞു. പ്രതികൾ നായാട്ട് വിദഗ്ധരാണെന്നും, പല സംഘങ്ങളുടെയും കൂടെ ഇവർ നായാട്ടിന് പോയിട്ടുണ്ടെന്നും
സിഐ പറഞ്ഞു. തോക്ക് നിർമ്മാണത്തിനായി വീട് വാടകയ്ക്കെടുത്തത് രണ്ടാം പ്രതിയായ സന്തോഷാണ്.തോക്ക് നിർമ്മിക്കാനാവശ്യമായ സാധനങ്ങൾ വാങ്ങിയതും ഇയാളാണ്.കേസിലെ ഒന്നാം പ്രതിയായ അജിത് കുമാറിനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *