കാസറഗോഡ്: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി പൾസ് പോളിയോ ദിനത്തിൽ ജില്ലയിലെ അഞ്ചു വയസിനു താഴെയുള്ള 87281 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി. ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ നിർവഹിച്ചു.കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷൻ വി വി രമേശൻ അധ്യക്ഷനായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.സന്തോഷ് ബി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ ആഭിമുഖ്യത്തിൽ, ഐ എം എ, ഐ എ പി, റോട്ടറി എന്നിവയുടെ സഹകരണത്തോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് മുറിയാനാവി, വാർഡ് കൗൺസിലർ രേഷ്മ എം എ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ മധുസൂദനൻ എം, ഡെപ്യൂട്ടി ഡി എം ഓ ഡോ. സന്തോഷ് കെ,ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യ ദയാനന്ദ്,കാഞ്ഞങ്ങാട് റൊട്ടറിക്ലബ് പ്രതിനിധി വിനോദ് കുമാർ, ഇ- ഹെൽത്ത് & AEFI നോഡൽ ഓഫീസർ ഡോ.ബേസിൽ വർഗീസ്,ടെക്നിക്കൽ അസിസ്റ്റന്റ് ചന്ദ്രൻ എം,കാഞ്ഞങ്ങാട് ബ്ലോക്ക് സി ഡി പി ഓ സായാഹ്ന സി ജെ,ജില്ലാ എം സി എച്ച് ഓഫീസർ സ്റ്റെല്ല ജോസഫ് എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജീജ എം പി സ്വാഗതവും ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ നന്ദിയും പറഞ്ഞു.
ജില്ലയിലെ അങ്കണവാടികൾ, സ്കൂളുകൾ ആരോഗ്യ കേന്ദ്രങ്ങൾ ബസ്റ്റാൻഡുകൾ റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ ജില്ലയിലെ എല്ലാ സ്ഥലത്തും ബൂത്തുകൾ സജ്ജീകരിച്ചിരുന്നു. കൂടാതെ അതിഥി സംസ്ഥാന തൊഴിലാളികളുടെ അഞ്ചു വയസിനു താഴെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിനായി മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ സജ്ജീകരിച്ചിരുന്നു.ഇന്ന് പോളിയോ തുള്ളി മരുന്ന് സ്വീകരിക്കാൻ സാധിക്കാത്ത 5 വയസിനു താഴെയുള്ള കുട്ടികൾക്ക് ജൂൺ 29,30 ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർ അവരുടെ വീടുകൾ സന്ദർശിച്ചു പോളിയോ തുള്ളി മരുന്ന് നൽകും.











Leave a Reply