തെയ്യാട്ടക്കാലത്തിന് പരിസമാപ്തി കുറിക്കുന്ന നീലേശ്വരം മന്നൻപുറത്ത് കാവ് കലശ മഹോത്സവത്തിൻ്റെ ഭാഗമായുള്ള ഓലകൊത്തൽ ചടങ്ങ് വടക്കേ കളരിയിലെ കീങ്കര തറവാട്ടിൽ നടന്നു.

നീലേശ്വരം: തെയ്യാട്ടക്കാലത്തിന് പരിസമാപ്തി കുറിക്കുന്ന നീലേശ്വരം മന്നൻപുറത്ത് കാവ് കലശ മഹോത്സവത്തിൻ്റെ ഭാഗമായുള്ള ഓലകൊത്തൽ ചടങ്ങ് വടക്കേ കളരിയിലെ കീങ്കര തറവാട്ടിൽ നടന്നു. കലശത്തിന് നാൾ കുറിച്ച കലശം കൽപ്പിച്ച് നൽകിയ മുഹൂർത്തത്തിൽ കാവുങ്കാൽ തറവാട്ടിലെ ബിജുവാണ് ഓലകൊത്തിയത്. ഓലയുടെ ലക്ഷണം നോക്കി ജന്മ കണിശൻ അണ്ടോൾ മോഹനൻ ജോത്സ്യർ ശുഭാശുഭം പ്രവചിച്ചു. വടക്കെ കളരി അവകാശി ബിജു നിടുങ്കണ്ട കൊത്തിയ ഓല ആചാര സ്ഥാനീകരുടെയും വാല്യക്കാരുടെയും അകമ്പടിയോടെ ആർപ്പുവിളികളോടെ കളരിയിലെത്തിച്ചു. എറുവാട്ട്, അരമന തറവാട് പ്രതിനിധികൾ, പുതിയപറമ്പത്ത് ഭഗവതി ക്ഷേത്രം ആചാര സ്ഥാനീകർ, എടയങ്ങാട്ട് ഭഗവതി ക്ഷേത്രം സ്ഥാനീകർ, വടക്ക് – തെക്ക് കളരി അവകാശികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഞായറാഴ്ച്ച നടക്കുന്ന കലശ മഹോത്സവത്തിന് ആവശ്യമായ കവുങ്ങിൻ പൂക്കുല ശേഖരിക്കുന്ന ചടങ്ങായ പൂ താക്കലിനായി വാല്യക്കാർ പുറപ്പെട്ടു. വടക്കെ കളരിയിൽ നിന്നുളള പൂക്കാർ സംഘം കളത്തുങ്കാൽ തറവാട്ടിലെത്തി പൂർവ്വാചാര പ്രകാരം പഴുത്ത ചക്ക കഴിച്ച് ആദ്യത്തെ പൂ പൊളിച്ച് വിവിധ സംഘങ്ങളായി പട്ടേന, കക്കാട്ട്, ചെരണത്തല, പുതുക്കൈ എന്നിവിടങ്ങളിലേക്കും തെക്കെ കളരിയിൽ നിന്നും ചാത്തമത്ത്, പള്ളിക്കര ഭാഗങ്ങളിലേക്കും പോയി ആവശ്യമായ പൂക്കുലകൾ ശേഖരിച്ച് സന്ധ്യയോടെ മടങ്ങിയെത്തും.
നാളെ അകത്തെ കലശം നടക്കും. മന്നൻപുറത്ത് കാവിൽ വിശേഷാൽ പൂജകളും കളരികളിൽ കലശം അലങ്കരിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *