വാൽപ്പാറ അപകടം: ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു; മരണസംഖ്യ 10 ആയി

 

കോയമ്പത്തൂർ: തമിഴ്‌നാട്
വാൽപ്പാറയിൽ വിനോദസഞ്ചാര സംഘം സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ പത്തായി ഉയർന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സ്‌കൂൾ ബസ് ഡ്രൈവർ കുന്നക്കാവ് നൗഷാദ് അലിയാണ് ഇന്ന് പുലർച്ചെ അന്തരിച്ചത്. അതേസമയം, നൗഷാദിന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി.

നൗഷാദിന്റെ നില ഗുരുതരമായിരുന്നിട്ടും വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ അനുവദിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വാരിയെല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ തറച്ച നിലയിലായിരുന്നു നൗഷാദ്. അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിൽ അധികൃതർ കാലതാമസം വരുത്തിയെന്നാണ് പരാതി.

സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയെങ്കിലും കളക്ടറുടെ അനുമതി വേണമെന്ന സാങ്കേതിക കാരണം പറഞ്ഞ് ആശുപത്രി അധികൃതർ തടഞ്ഞുവെന്ന് നൗഷാദിന്റെ സഹോദരീപുത്രൻ ഷെഫീഖ് പറഞ്ഞു. ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് പരാതിപ്പെട്ട തങ്ങളോട് ആശുപത്രി ജീവനക്കാർ മോശമായാണ് പെരുമാറിയതെന്നും ബന്ധുക്കൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *