പാണത്തൂർ : കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ ബളാന്തോട് -ചിറങ്കടവ് ഭാഗത്തെ നവീകരണം മെല്ലെപ്പോക്കിൽ. പൂടംകല്ല് മുതലുള്ള 17.2 കിലോ മീറ്റർ ദൂരത്തെ നവീകരണം ആരംഭിച്ച് 4 വർഷമായിട്ടും ഇതുവരെ പൂർത്തിയായില്ല. 2022 ഏപ്രിൽ 13നാണ് കിഫ്ബി ഫണ്ടിൽ 59.94 കോടി രൂപ ചെലവിൽ നവീകരണം ആരംഭിച്ചത്. 18 മാസമായിരുന്നു കാലാവധി. എഗ്രിമെന്റ് കാലാവധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ കരാർ കമ്പനിക്ക് 4 തവണ സമയം നീട്ടി നൽകിയെങ്കിലും ഇപ്പോഴും നിർമാണം ഇഴഞ്ഞുതന്നെയെന്ന് ആക്ഷേപമുണ്ട്. ഏറ്റവും അവസാനം മാർച്ച് 31 വരെയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. ഈ സമയത്തിനുള്ളിൽ ആദ്യഘട്ട ടാറിങ് പൂർത്തിയാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. അതേസമയം നിർമാണം വൈകാൻ കാരണം കരാർ കമ്പനിയുടെ ഭാഗത്തെ പിഴവല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് കാലാവധി നീട്ടിനൽകിയത് എന്നായിരുന്നു ആദ്യം അധികൃതർ നൽകിയ വിശദീകരണം.
ഇതിനിടയിൽ ഒട്ടേറെത്തവണ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നുവന്നു. നിലവിൽ അരിപ്രോഡ് വരെയാണ് നിർമാണം എത്തിയിരിക്കുന്നത്. ഇനി 2 കിലോമീറ്റർ പിന്നിട്ടാൽ മാത്രമേ പാത നവീകരണം പൂർത്തിയാകുകയുള്ളു. ബളാംതോട് ടൗൺ വികസനം, മുസ്ലിം പള്ളിക്ക് സമീപത്തെ പാലം, ചിറങ്കടവ് പാലം, അരിപ്രോഡ് പാലം എന്നിവയുടെ നിർമാണവും ഇതിനിടയിൽ പൂർത്തിയാക്കേണ്ടതുണ്ട്.
പൂർണമായും പണി പൂർത്തി യായിട്ടില്ല. അതേസമയം പാത യ്ക്ക് ഇരുവശവുമുള്ള കയ്യേറ്റഭൂമി പൂർണമായും ഒഴിപ്പിക്കാത്തത് വികസനത്തിന് തടസ്സമാകുന്നതായും ആക്ഷേപമുണ്ട്. ആദ്യഘട്ട ടാറിങ് പൂർത്തിയായ രാജപുരം, മാലക്കല്ല് എന്നിവിടങ്ങളിൽ ടാറിങ് പൊട്ടിപ്പൊളിയാൻ തുടങ്ങിയതോടെ റീടാറിങ് നടത്തി. ഇന്നലെ കെആർഎഫ്ബി അധികൃതർ സ്ഥലത്തെത്തി പ്രവൃത്തികൾ വിലയിരുത്തി.












Leave a Reply