അഡൂർ: സിപിഎമ്മിൽ നിന്ന് പുറത്തായ മുൻ നേതാക്കൾ സ്വതന്ത്രരായി മത്സരരംഗത്തിറങ്ങിയ ദേലംപാടി പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. 17 അംഗ ഭരണസമിതിയിൽ യുഡിഎഫും സ്വതന്ത്രരും ചേർന്ന് ഏഴു സീറ്റ് നേടിയപ്പോൾ എൽഡിഎഫും ബിജെപിയും അഞ്ചു വീതം സീറ്റുകൾ നേടി. ഇതോടെ ഇവിടെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന കാര്യം ഉറപ്പായി.
സിപിഎം ശക്തികേന്ദ്രമായ അഡൂർ വാർഡിൽ സ്വതന്ത്രനായി മത്സരിച്ച മുൻ സിപിഎം നേതാവ് രത്തൻ കുമാർ നായ്ക്ക് സിപിഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാർഥി എ. ചന്ദ്രശേഖരയെ 229 വോട്ടുകൾക്ക് തോല്പിച്ചു. സ്വതന്ത്രരായി മത്സരിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് എ. മുസ്തഫ ഹാജി ദേലംപാടി വാർഡിലും ഐത്തപ്പ നായ്ക്ക് ഉജംപാടി വാർഡിലും മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചു.
മയ്യള വാർഡിൽ സിപിഎം സ്ഥാനാർഥിയും സ്വതന്ത്രനും തുല്യ വോട്ടുകൾ നേടിയപ്പോൾ നറുക്കെടുപ്പിലൂടെ സിപിഎം ജയിച്ചു. ബിജെപി ജില്ലാ നേതാവ് പ്രമീള സി. നായ്ക്ക് മോഗർ വാർഡിൽ ജയിച്ചു.
കഴിഞ്ഞതവണ സിപിഎം-9, യുഡിഎഫ്-5, ബിജെപി-2 എന്നിങ്ങനെയായിരുന്നു കക്ഷിനില.












Leave a Reply