കാസർകോട് മുനിസിപ്പല്‍ ഓഫീസ് മതിലിന്‍റെ പച്ച പെയിന്‍റിനേച്ചൊല്ലി വിവാദം

കാസർഗോഡ് മുൻസിപ്പാലിറ്റിയുടെ ചുറ്റുമതിലിന് പച്ച പെയിന്റ് അടിച്ചതിനെ ചൊല്ലി വിവാദം. പച്ച പെയിന്റടിക്കാൻ ഇത് പാകിസ്താനാണോ എന്നായിരുന്നു സിപിഐഎം നേതാവിന്റേത്. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ്‌ ഹനീഫയുടെ വിവാദ പ്രസംഗം പുറത്തുവന്നു. മുസ്ലിം ലീഗിന്റെ വർഗീയ നിലപാടാണ് പച്ച പെയിന്റിന് പിന്നിലെന്നും വിമർശനം. വർഗീയ ചേരി തിരിവുണ്ടാക്കാൻ മുസ്ലിം ലീഗ് ശ്രമിക്കുന്നെന്നും സിപിഐഎം നേതാവ് കുറ്റപ്പെടുത്തി.

വ്യാജവോട്ട് ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മുസ്‌ലിം ലീഗ് നീക്കം നടത്തുന്നുവെന്ന്
ആരോപിച്ച് കാസർകോട് മുനിസിപ്പൽ ഓഫീസിലേക്ക് സിപിഐഎം നടത്തിയ മാർച്ചിലായിരുന്നു പാർട്ടി ജില്ലാ കമ്മിറ്റി അംഗത്തിന്റെ പ്രതികരണം. ‘ആ മതിലിന്റെ കളർ നോക്കൂ ഇതെന്താ പാകിസ്താനോ. പച്ച പെയിന്റടിച്ച ഏതെങ്കിലും മതിൽ കേരളത്തിൽ നിങ്ങൾ കണ്ടിട്ടുണ്ടോ. ഇത് അവരുടെ അപ്രമാധിത്യമാണ്. നാട്ടിൽ വർഗീയ ചേരിതിരിവ് ഒരുക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്’ എന്നാണ് മുഹമ്മദ് ഹനീഫ പറഞ്ഞത്.

ഈ കേരളത്തിനകത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 70 ശതമാനം ഭരിക്കുന്നത് സിപിഐഎമ്മിന്റെ പ്രതിനിധികളാണ്. എന്നിട്ട് ഏതെങ്കിലും ഒരു പഞ്ചായത്ത് ഓഫീസിന് ചുവന്ന പെയിന്റ് അടിച്ച് നിങ്ങൾ കണ്ടിട്ടുണ്ടോ?. കേരളത്തിന് പൈസ തരണമെങ്കിൽ നിങ്ങൾ കാവിക്കളർ അടിക്കണമെന്ന് പറയുന്ന തരത്തിൽ നരേന്ദ്രമോദിക്ക് തുല്യക്കാരനായി നഗരസഭയിലെ മുസ്‌ലിം ലീഗുകാർ മാറുകയാണെന്നും മുഹമ്മദ് ഹനീഫ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *