സിവിൽ ഡിഫൻസ് അംഗം ശില്പരാജിന്റെ ഇടപെടലിൽ എല്ലാ ആംബുലൻസുകളിലും എഇഡി ഉപകരണം ഉൾപ്പെടുത്തുവാൻ അഗ്നി രക്ഷാ മേധാവിയുടെ ശുപാർശ .


ചെറുവത്തൂർ:ചെറുവത്തൂർ തിമിരി സ്വദേശിയും പൊതു പ്രവർത്തകനും സിവിൽ ഡിഫൻസ് സേനാംഗം കൂടിയായ എം വി ശില്പരാജ് സംസ്ഥാനത്തെ എമർജൻസി സർവീസുകളുടെ അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി സംസ്ഥാനത്തെ എല്ലാ എമർജൻസി സർവീസ് വാഹനങ്ങളിലും AED – Artificial External Defibrillator ഉപകരണം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിലേക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഒരു പ്രസിദ്ധീകരണത്തിൽ വന്ന വസ്തുതയുടെ പശ്ചാത്തലത്തിലാണ് നിവേദനം സമർപ്പിച്ചത്. 2022 ൽ നടത്തിയ ഒരു പഠനത്തിൽ സാധാരണ ഗതിയിലുള്ള CPR നൽകുന്നതിന്റെ കൂടെ AED കൂടി ഉപയോഗിക്കുകയാണെങ്കിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ 70% കൂടുതൽ സാധ്യമാണ് എന്ന് വിലയിരുത്തപ്പെട്ടിരുന്നു. പഠനത്തിൽ സംസ്ഥാനത്ത് പ്രതിവർഷം 63,000 ത്തിൽ കുറയാതെ പൗരന്മാർ ഹൃദയസ്തംഭനം മൂലം അത്യാസന നിലയിലാവുന്നുണ്ട് എന്നും നിരീക്ഷിച്ചിരുന്നു. 2023 ലാണ് ശില്പരാജ് നിവേദനം കൊടുത്തത്. തുടർന്ന് ചിട്ടയോടെ വിവരാവകാശം ഉപയോഗിച്ച് പിന്തുടർന്ന് വന്നതിന്റെ അടിസ്ഥാനത്തിൽ കേരള അഗ്നി രക്ഷാ മേധാവി ആഭ്യന്തര വകുപ്പിന് സംസ്ഥാനത്തെ എല്ലാ 108 ആംബുലൻസുകളിലും AED ഉപകരണം ഉൾപ്പെടുത്തുന്നത് ഉചിതമാണെന്ന് കാണിച്ച് ആഭ്യന്തര വകുപ്പിന് ശുപാർശ നൽകിയിട്ടുണ്ട്. നിലവിൽ ഒരു ഉപകരണത്തിന് ഒന്നര ലക്ഷത്തോളം രൂപയാണ് വരുന്നത്. സർക്കാർ പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ രക്ഷാ പ്രവർത്തന മേഖലയിൽ അടിസ്ഥാന സൗകര്യത്തിൽ വർദ്ധനയുണ്ടാകും. തൃക്കരിപ്പൂർ അഗ്നി രക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗം എം വി ശില്പരാജ് ഇതിനു മുൻപും നിരവധി പൊതു പ്രവർത്തന കാര്യങ്ങളിൽ ഇടപെടൽ നടത്തി ഫലപ്രാപ്തി കൊണ്ടുവന്നയാളാണ് .

Leave a Reply

Your email address will not be published. Required fields are marked *