വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻഎം വിജയന്‍റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ആരോപണങ്ങള്‍ നിഷേധിച്ച് കല്‍പ്പറ്റ എംഎൽഎ ടി സിദ്ദീഖ്.


കല്‍പ്പറ്റ: വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻഎം വിജയന്‍റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ആരോപണങ്ങളിൽ മറുപടിയുമായി കല്‍പ്പറ്റ എംഎൽഎ ടി സിദ്ദീഖ്. എൻഎം വിജയന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കാനാണ് പാര്‍ട്ടി ശ്രമിച്ചത്. എൻഎം വിജയന്‍റെ മകന്‍റെ ആരോഗ്യകാര്യത്തിൽ മൂന്ന് തവണ ഇടപെട്ടു. താൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റാണ്. വിജയന്‍റെ മകന് ആശുപത്രി ബിൽ അടക്കാൻ കഴിയാതെ വന്നപ്പോള്‍ ആ ബിൽ ഏറ്റെടുത്തു. എൻഎം വിജയന്‍റെ കുടുംബവുമായി കരാര്‍ ഉണ്ടായിരുന്നു. ഇതുപ്രകാരം 20 ലക്ഷം നൽകിയിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കടം വീട്ടി. ബാങ്കിൽ ബാധ്യതയുള്ള വീടും സ്ഥലവും പാര്‍ട്ടി ഏറ്റെടുത്തു. കരാര്‍ വീക്കിൽ ഓഫീസിൽ നിന്ന് വാങ്ങിയത് പാര്‍ട്ടി നേതൃത്വത്തിന് നൽകാൻ വേണ്ടിയായിരുന്നു. കരാറിൽ നിന്ന് കോണ്‍ഗ്രസ് പിന്നോട്ടുപോയിട്ടില്ല. സമയം വൈകിയത് പണം സ്വരൂപിക്കാൻ വന്ന താമസം മൂലമാണ്. പാര്‍ട്ടി ആരെയും ചതിച്ചിട്ടില്ല. അങ്ങനെ ചതിക്കാൻ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെയൊരു ധാരണ അവര്‍ പരത്തിയത് ശരിയായില്ല.

Leave a Reply

Your email address will not be published. Required fields are marked *