സാമൂഹികമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തെ തുടർന്ന് നേപ്പാളിൽ ശക്തമാകുന്ന ജെൻസി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി.

കാഠ്മണ്ഡു: സാമൂഹികമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തെ തുടർന്ന് നേപ്പാളിൽ ശക്തമാകുന്ന ജെൻസി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. പരിക്കേറ്റവരുടെ എണ്ണം 250ന് മുകളിലായതായാണ് റിപ്പോർട്ട്. യുവാക്കളുടെ പ്രക്ഷോഭം ശക്തമാകുന്നതിന് പിന്നാലെ നേപ്പാൾ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രം​ഗത്ത് വന്നിട്ടുണ്ട്. ഇതിനിടെ നേപ്പാൾ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജി വെച്ചു. നേരത്തെ പാർട്ടി യോഗത്തിൽ രാജിവെയ്ക്കാനുള്ള സന്നദ്ധത രമേശ് ലേഖക് അറിയിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രക്ഷോഭകാരികളുടെ മരണത്തിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് നേപ്പാൾ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവെയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ട്. നേപ്പാളി കോൺഗ്രസിൻ്റെ ഭാരവാഹി യോഗത്തിലാണ് ലേഖക് രാജി വാഗ്ദാനം ചെയ്തതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളുടെ പ്രതികരണം.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ് സെൻ്റർ) നേതാവും പ്രതിപക്ഷ നേതാവുമായ പുഷ്പ കമാൽ ദഹൽ പ്രചണ്ഡ ജെൻസി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. യുവാക്കളായ പ്രതിഷേധക്കാർ ഉയർത്തുന്ന ആവശ്യങ്ങൾ തങ്ങളുടെ പാർട്ടിയുടെ ആവശ്യങ്ങളുമായി അടുത്ത് നിൽക്കുന്നതാണെന്നായിരുന്നു പ്രചണ്ഡയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *