ചന്ദ്രഗിരി കോട്ടയുടെ സമീപത്തുനിന്ന് മണ്ണ്‌ കടത്തിയ സംഭവം; രണ്ടുപേർക്ക് റവന്യു വകുപ്പിന്റെ നോട്ടീസ്

 

കീഴൂർ : സംസ്ഥാന പുരാവസ്തു വകുപ്പിനു കീഴിലുള്ള ചന്ദ്രഗിരി കോട്ടയുടെ സമീപത്തുനിന്നും വ്യാപകമായി കുന്നിടിച്ചു മണ്ണുകടത്തിയ സംഭവത്തിൽ റവന്യൂ വകുപ്പ് രണ്ടുപേർക്ക് നോട്ടീസ് നൽകി. മണ്ണ് കടത്തിയവരെന്ന് സംശയിക്കുന്ന രണ്ടുപേർക്കാണ് നോട്ടീസ് നൽകിയത്. റെയിൽവേക്ക് വേണ്ടിയാണ് മണ്ണ് എടുക്കുന്നതെന്ന് സ്ത്രീകൾ മാത്രമുള്ള വീട്ടുടമസ്ഥരെ തെറ്റിദ്ധരിപ്പിച്ച് മണ്ണ് കടത്തിയെന്നാണ് കളനാട് വില്ലേജ് ഒാഫീസറുടെ അന്വേഷണ റിപ്പോർട്ട്.

ചന്ദ്രഗിരി കോട്ടയുടെ 10 മീറ്ററോളം അടുത്ത് വരെയുള്ള ഉയരപ്രദേശം ഇടിച്ചുവെന്നും ഇത് കോട്ടയുടെ സുരക്ഷിതത്വത്തിന് ഭീഷണിയായിട്ടുണ്ടെന്നുള്ള റിപ്പോർട്ടും റവന്യൂ വകുപ്പ് അധികൃതർ കളക്ടർക്ക് കൈമാറിയിട്ടുണ്ട്. 30 മീറ്ററോളം നീളത്തിൽ ഇംഗ്ലീഷ് അക്ഷരം ‘എൽ’ ആകൃതിയിൽ മണ്ണ് കടത്തിയതായിട്ടാണ് കണ്ടെത്തൽ. അഞ്ച് സ്ഥലങ്ങളിൽനിന്ന്‌ മണ്ണ് കടത്തി.

സർക്കാർ അവധി ദിവസങ്ങളിലും മറ്റ് ദിവസങ്ങളിലും പുലർച്ചെ മൂന്നിനും അഞ്ച് മണിക്കും ഇടയിൽ 100 ലോഡിലധികം മണ്ണ് ചന്ദ്രഗിരി കോട്ടയുടെ മുറ്റത്തുനിന്നും കടത്തിക്കൊണ്ടുപോയതായി പൊതുപ്രവർത്തകർ പരാതിപ്പെട്ടു. സമീപപ്രദേശത്തുള്ള പുഴ നികത്താനാണ് ഈ മണ്ണ് പ്രയോജനപ്പെടുത്തിയതെന്ന് ആരോപണമുണ്ട്. കളനാട് വില്ലേജ് ഓഫീസർ ഉണ്ണികൃഷ്ണനും കാസർകോട് തഹസിൽദാരുംസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

ചരിത്രസ്മാരകങ്ങളുടെ സംരക്ഷണത്തിന് കാവൽക്കാരും അനുബന്ധ ജീവനക്കാരുമെല്ലാം വേണമെന്നാണ് വ്യവസ്ഥ. എന്നാൽ ചന്ദ്രഗിരിക്കോട്ടയുടെ മുറ്റത്തുനിന്ന് മണ്ണു കടത്തിയിട്ടും സംസ്ഥാന പുരാവസ്തുവകുപ്പ് അനങ്ങുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ചരിത്രസ്മാരകങ്ങളുടെ 100 മീറ്റർ ചുറ്റളവിലെ നിർമാണ പ്രവർത്തനങ്ങൾക്ക് പുരാവസ്തു വകുപ്പിന്റെ അനുമതി വേണമെന്നാണ് ചട്ടം. ഇതെല്ലാം ലംഘിച്ച് മണ്ണ് കടത്തിയതായി ചന്ദ്രഗിരി കോട്ടയ്ക്ക് സമീപം കാണാനുണ്ട്.

കോട്ട സംരക്ഷിക്കണം -എം.എൽ. അശ്വിനി

: അനധികൃത മണ്ണെടുപ്പിനെ തുടർന്ന് അപകടാവസ്ഥയിലായ ചന്ദ്രഗിരി കോട്ട സംരക്ഷിക്കാൻ ജില്ലാ, സംസ്ഥാന ഭരണകൂടങ്ങൾ തയ്യാറാകണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡൻറ്‌ എം.എൽ. അശ്വിനി ആവശ്യപ്പെട്ടു.

ജില്ലാ ജനറൽ സെക്രട്ടറി എൻ. ബാബുരാജ്, സെക്രട്ടറി കെ.ടി. പുരുഷോത്തമൻ, ശ്രീനിവാസൻ കീഴൂർ, സദാശിവൻ മണിയങ്ങാനം, സൗമ്യ പദ്മനാഭൻ, വി.എ. രതീഷ് വി.എ, രാജേഷ് കൈന്താർ, പ്രമോദ് കീഴൂർ, ഹരീഷ് പള്ളിപ്പുറം എന്നിവരും സ്ഥലം സന്ദർശിച്ച സംഘത്തിൽ ഉണ്ടായിരുന്നു.

ചന്ദ്രഗിരി കോട്ട അപകടത്തിലാകുന്ന വിധത്തിൽ ലോഡ് കണക്കിന് മണ്ണ് കടത്തിയിട്ടും തൊട്ടടുത്തുള്ള കളനാട് വില്ലേജ് ഓഫീസിലെ അധികാരികൾ നിശബ്ദത പാലിച്ചുവെന്നും അശ്വിനി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *