പാണത്തൂരിൽ വാഹനം ഇടിച്ച് പരിക്കേറ്റ തെരുവ് നായക്ക് രക്ഷകരായി പാണത്തൂരിലെ ഒരു കൂട്ടം യുവാക്കൾ. നായയുടെ സംരക്ഷണം ഏറ്റെടുത്ത് പട്ടുവത്തെ അനിൽകുമാർ.

 

പാണത്തൂർ – അജ്ഞാത വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് അവശനിലയിൽ റോഡരികിൽ കണ്ടെത്തിയ തെരുവ് നായക്ക് രക്ഷകരായി ഒരു കൂട്ടം യുവാക്കൾ. ഇന്നലെ രാത്രിയിലാണ് പാണത്തൂരിൽ സ്ഥിരമായി കാണാറുള്ള നായക്ക് അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റത്. പരിക്കിനെ തുടർന്ന് എഴുന്നേറ്റ് നിൽക്കാനോ, ഭക്ഷണമോ, വെള്ളമോ കഴിക്കാൻ കഴിയാത്ത നിലയിലായിരുന്നു നായ. വിവരമറിഞ്ഞെത്തിയ പാണത്തൂരിലെ എക്സ്ട്രീം ട്രാവൽ ഉടമ പട്ടുവത്തെ അനിൽകുമാർ, കുറ്റിക്കോൽ അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ കെ.യു കൃഷ്ണകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ യൂണിറ്റ് പ്രസിഡണ്ട് സുനിൽകുമാർ പി.എൻ, പാണത്തൂരിലെ ഓട്ടോ ഡ്രൈവറും സാമൂഹ്യ പ്രവർത്തകനുമായ ധനൂപ് ദാമോധരൻ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 10 മണിയോടുകൂടി ബളാംതോട് മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടർ അരുണിനെ കൊണ്ടുവന്ന് നായക്ക് ചികിൽസ ലഭ്യമാക്കുകയായിരുന്നു. ഡോക്ടറുടെ പരിശോധനയിൽ നായയുടെ തുടയെല്ലിനും നട്ടെല്ലിനും പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനാൽ നായയുടെ തുടക്ക് പ്ലാസ്റ്റർ ഇടുകയും ചെയ്തു. നായക്ക് തുടർച്ചയായി ഒരാഴ്ചക്കാലം മരുന്ന് നൽകാൻ ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്നും, മറ്റു നായ്ക്കൾ അക്രമിക്കാൻ സാധ്യതയുള്ളതിനാലും അനിൽകുമാർ നായയെ പട്ടുവത്തെ തൻ്റെ വീട്ടിലേക്ക് കൊണ്ടുവന്ന് സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. തെരുവ് നായ്ക്കളെ സമൂഹം ആട്ടിയോടിക്കുന്ന കാലത്താണ് ഒരു തെരുവുനായക്ക് രക്ഷകനായി ഒരു കൂട്ടം യുവാക്കൾ മാറിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *