ചട്ടഞ്ചാൽ : പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ഫോട്ടോകളും വീഡിയോകളും ചിത്രീകരിച്ച് പണം ആവശ്യപ്പെടുകയും ചെയ്ത യുവാവിനെയും ഒത്താശചെയ്ത സുഹൃത്തിനെയും മേൽപ്പറമ്പ് പോലീസ് അറസ്റ്റുചെയ്തു.

കോളിയടുക്കം സ്വദേശിയും വിദ്യാനഗർ ബിസി റോഡിലെ നിഹാൽ അപ്പാർട്ട്മെന്റിൽ താമസക്കാരനുമായ കെ.എം.മുഹമ്മദ് അഫ്രീദ് (23), അണങ്കൂർ സുൽത്താൻനഗർ ബദിര ഹൗസിലെ ബി.എം.അബ്ദുൽഖാദർ (28) എന്നിവരെയാണ് ബേക്കൽ ഡിവൈഎസ്പി വി.വി.മനോജിന്റെ നിർദേശപ്രകാരം പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചേർത്ത് മേൽപ്പറമ്പ് ഇൻസ്പെക്ടർ എ.സന്തോഷ്കുമാർ അറസ്റ്റുചെയ്തത്. സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി 2019 മുതൽ ഒന്നാംപ്രതി അഫ്രീദിന് ബന്ധമുണ്ട്. ഇതിനിടെ പലയിടങ്ങളിലായി കൊണ്ടുപോയി ഇയാൾ ലൈംഗികമായി പീഡിപ്പിച്ചു.
ഫോട്ടോകളും വീഡിയോകളും എടുത്തശേഷം പിന്നീട് അതുകാട്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 22 ഗ്രാം സ്വർണം ആദ്യം കൈക്കലാക്കി. പണം ആവശ്യപ്പെട്ട് നിരന്തരം വിളിച്ചുകൊണ്ടിരുന്നു. സുഹൃത്തായ അബ്ദുൽഖാദർ മുഖാന്തരമാണ് ഒടുവിൽ മൂന്നുദിവസം മുൻപ് വിളിച്ചത്. പെൺകുട്ടിയുടെ പിതാവിനെ വിളിച്ച് ആറരലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. അഫ്രീദിന്റെ ഫോണിൽനിന്ന് വീഡിയോകൾ കിട്ടിയിട്ടുണ്ടെന്നും പുറത്തുവിടാതിരിക്കാൻ പണം നൽകണമെന്നുമായിരുന്നു ആവശ്യം. ഇതാണ് അബ്ദുൽഖാദറിന് കുരുക്കായത്. പെൺകുട്ടിയുടെ പിതാവ് വിവരം മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി അറിയിച്ചു. പോലീസിന്റെ നിർദേശപ്രകാരം പണം കൈമാറാനെന്ന വ്യാജേന അഫ്രീദിനെയും അബ്ദുൽഖാദറിനെയും പിതാവ് വിളിച്ചുവരുത്തി. മേൽപ്പറമ്പ് എസ്ഐ എ.എൻ.സുരേഷ് കുമാർ, എഎസ്ഐ സലിൻ, സിപിഒമാരായ മിതേഷ് മണ്ണട്ട, പ്രമോദ്, സജിത്ത്, പ്രശോഭ്, ഉണ്ണികൃഷ്ണൻ, പ്രദീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.












Leave a Reply