കാസർകോട് ജില്ലയിലും അമീബിക് മസ്തിഷ്കജ്വരം; അമ്പലത്തറയിലെ 18കാരന്റെ നില ഗുരുതരം

അമ്പലത്തറ: കാസർകോട് ജില്ലയിലും അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്തു. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ 18-കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

ഒരാഴ്ച മുമ്പ് സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിച്ചതിനെ തുടർന്നാണ് യുവാവിന് രോഗലക്ഷണങ്ങൾ പ്രകടമായത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്.

സംഭവത്തെ തുടർന്ന് കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയോരത്തെ കുളത്തിൽ കുളിക്കുന്നത് ഒഴിവാക്കണമെന്ന് പൊലീസും ആരോഗ്യവകുപ്പും പൊതുജനങ്ങൾക്ക് നിർദേശം നൽകി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഈ കുളത്തിൽ കുളിച്ചവർ ആരോഗ്യകേന്ദ്രങ്ങളിൽ എത്തി വൈദ്യപരിശോധന നടത്തണമെന്നും അധികൃതർ അറിയിച്ചു.

സ്കൂൾ വിദ്യാർഥികളും യുവാക്കളും പതിവായി ഈ കുളത്തിൽ കുളിക്കാൻ എത്തുന്ന സ്ഥലമാണിത്. സംസ്ഥാനപാതയോരത്തായതിനാൽ യാത്രക്കാരും വാഹനങ്ങൾ നിർത്തി ഇവിടെ കുളിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. രോഗബാധയുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *