“ക്വാറി മാഫിയക്കെതിരെ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിക്കണം; സി.കെ. ജാനു”

തായന്നൂർ: ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനായി ഒരു നാട് നൂറ് ദിവസത്തിലേറെയായി സമരം തുടരുമ്പോഴും പ്രാദേശിക ഭരണസംവിധാനം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് അപലപനീയമാണെന്ന് ആദിവാസി നേതാവ് സി.കെ. ജാനു പറഞ്ഞു.

ദേശീയ പരിസ്ഥിതി മന്ത്രാലയം, മലിനീകരണ നിയന്ത്രണ ബോർഡ്, ജിയോളജി വകുപ്പ് എന്നിവ ക്വാറി മാഫിയയുടെ സാമ്പത്തിക-രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി ജനവാസ മേഖലയിൽ വൻകിട ക്വാറികൾക്ക് അനുമതി നൽകുമ്പോൾ, അത്തരം സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നിഷേധിക്കാൻ പഞ്ചായത്ത് ഭരണസമിതി ജനാധിപത്യ മര്യാദ കാട്ടണമെന്ന് അവർ ആവശ്യപ്പെട്ടു. മുകളിൽ നിന്ന് ലഭിച്ച അനുമതിയുടെ പേരിൽ പഞ്ചായത്ത് ക്വാറി മാഫിയക്ക് ഒപ്പമല്ല, ജനങ്ങൾക്കൊപ്പമാണ് നിൽക്കേണ്ടതെന്നും അവർ പറഞ്ഞു.

നിയമവിരുദ്ധമായി, പൊതുജന ഹിയറിംഗ് പോലും നടത്താതെ ആദിവാസികളടക്കം തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ സ്റ്റോപ്പ് മെമ്മോ നൽകാൻ കഴിയുന്നില്ലെങ്കിൽ, പഞ്ചായത്ത് ക്വാറി മാഫിയക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും നാടിനെ രക്ഷിക്കാൻ തയ്യാറാകണമെന്നും സി.കെ. ജാനു ആവശ്യപ്പെട്ടു.

എണ്ണപ്പാറ മലയാറ്റുകരയിലെ കരിങ്കൽ ക്വാറി നിർത്തണമെന്നാവശ്യപ്പെട്ട് നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ 112-ാം ദിവസം സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അവർ.

സമരസമിതി വൈസ് ചെയർമാൻ കെ.ആർ.സി. തായന്നൂർ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ രതീഷ് കാട്ടുമാടം, ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാക്കളായ ചന്ദ്രൻ പരപ്പ, സി.വി. ശിവദാസൻ, ഒ.കെ. പ്രഭാകരൻ, സുരേന്ദ്രൻ കാലിക്കടവ്, ആദിവാസി ഫോറം നേതാവ് കൃഷ്ണൻ മൂപ്പിൽ, ദളിത് ലീഗ് നേതാവ് മധു മൂപ്പിൽ, സുധീഷ് അടുക്കം, എം.ജി. രാജൻചന്ദ്രൻ വേങ്ങച്ചേരി എന്നിവർ സംസാരിച്ചു. രമേശൻ സ്വാഗതവും സജിത ശ്രീകുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *