മുത്തങ്ങ ഭൂസമരത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: എല്ലാ പ്രതികളെയും വെറുതെവിട്ടു

കൽപ്പറ്റ: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ്‌ കോൺസ്‌റ്റബിൾ വിനോദ്‌ കൊല്ലപ്പെട്ട കേസിൽ 57 പ്രതികളെയും വെറുതെ വിട്ടു. ആദിവാസി ഗോത്ര മഹാസഭ നേതാവ് എം ഗീതാനന്ദനെ വിനോദ് വധക്കേസിൽ കുറ്റവിമുക്തനാക്കി. ഗീതാനന്ദനെതിരെ ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ല. രണ്ടാം പ്രതി മരണപ്പെട്ടിരുന്നു. മറ്റ് പ്രതികളുടെ കുറ്റം വാദിഭാഗത്തിന് തെളിയിക്കാനായില്ല. സംഭവം നടന്ന്‌ 23 വർഷത്തിനുശേഷമാണ് വിധി. കേസിൽ കുറ്റം ചുമത്തപ്പെട്ട 15 പേർ മരണപ്പെട്ടു. സിബിഐ രജിസ്‌റ്റർ ചെയ്‌ത കേസിൽ വയനാട്‌ പ്രിൻസിപ്പൽ ജില്ലാ സെഷൻസ്‌ ജഡ്‌ജി ഇ അയൂബ്‌ഖാൻ ആണ്‌ വിധി പറഞ്ഞത്.

ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ ഭൂസമരം നടത്തിയവർക്കുനേരെ 2003 ഫെബ്രുവരി 19ന്‌ എ കെ ആന്റണിയുടെ സർക്കാർ വെടിയുതിർത്തതിനെ തുടർന്നുള്ള സംഘർഷത്തിലാണ്‌ കണ്ണൂർ കെഎപി നാലാം ബറ്റാലിയനിൽ കോൺസ്‌റ്റബിൾ ആയിരുന്ന കെ വി വിനോദ്‌ കൊല്ലപ്പെട്ടത്‌.പൊലീസ്‌ വെടിവയ്‌പിൽ ആദിവാസി ജോഗിയും കൊല്ലപ്പെട്ടു. സ്‌ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിനാളുകൾക്ക്‌ പരിക്കേറ്റു. കുടിലുകൾക്ക്‌ പൊലീസ്‌ തീയിട്ടു. സമരക്കാർ അമ്പും വില്ലും വടികളും ഉപയോഗിച്ച് പ്രതിരോധിച്ചു. ഇതിനിടെയാണ്‌ വിനോദ്‌ കൊല്ലപ്പെട്ടത്‌.

പ്രതികൾ ഷെഡ്ഡുകൾ നിർമിച്ച് ആയുധങ്ങളുമായി അനധികൃതമായി സംഘം ചേർന്നെന്നും കൊല്ലപ്പെട്ട ജോഗി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ പൊലീസ്,വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചെന്നും വിനോദിനെ വെട്ടിക്കൊന്നുവെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു.കേസ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവിൽ സിബിഐ ചെന്നൈ യൂണിറ്റുമാണ് അന്വേഷിച്ചത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് എറണാകുളം സിബിഐ കോടതിയിൽനിന്ന് കേസ്‌ കൽപ്പറ്റയിലേക്ക്‌ മാറ്റിയത്‌.

Leave a Reply

Your email address will not be published. Required fields are marked *