സ്കൂള്‍ വിദ്യാര്‍ഥികളെ വിനോദയാത്രക്ക് കൊണ്ടുപോയത് തുറന്ന പിക്കപ്പ് ട്രക്കിലും ടിപ്പറിലും.

ബംഗളൂരു: കർണാടകയിലെ ബലഞ്ജെ ഗ്രാമത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ വിനോദയാത്രക്ക് കൊണ്ടുപോയത് തുറന്ന പിക്കപ്പ് ട്രക്കിലും ടിപ്പറിലും.

സംഭവം വിവാദമായതോടെ സ്കൂളിലെ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു.

ഫെബ്രുവരി 11നാണ് സംഭവം. ബലഞ്ജെയിലെ സര്‍ക്കാര്‍ ഹയർ പ്രൈമറി സ്കൂളിന്റെ ഇൻ-ചാർജ് ഹെഡ്മാസ്റ്ററായ കിരണ്‍ കുട്ടികളെ നല്‍കൂറിനടുത്തുള്ള തേനീച്ച വളര്‍ത്തല്‍ ഫാമിലേക്ക് കൊണ്ടുപോയതാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും രോഷത്തിനിടയാക്കിയത്. പൊരിവെയിലത്ത് കുട്ടികള്‍ ചരക്ക് വാഹനങ്ങളില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ടിപ്പറിലും ട്രക്കിലും കയറുന്നതിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

എഴുപതോളം കുട്ടികളും ഏതാനും അധ്യാപകരുമുണ്ടായിരുന്നു. വിദ്യാര്‍ഥികളെ അതേ വാഹനങ്ങളില്‍ തന്നെയാണ് സ്കൂളില്‍ തിരിച്ചെത്തിയത്. കുട്ടികളെ സൗജന്യമായി ഫാമിലേക്ക് കൊണ്ടുപോകാൻ ചില പൂർവ വിദ്യാർത്ഥികള്‍ വാഗ്ദാനം ചെയ്തതായും മാതാപിതാക്കള്‍ സമ്മതം നല്‍കിയതായും പ്രധാനാധ്യാപകൻ അവകാശപ്പെട്ടതായി ബിഇഒ പറഞ്ഞു.

യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ അലസമായിട്ടാണ് പഠനയാത്ര സംഘടിപ്പിച്ചതെന്ന് മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി. ഇത്രയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ കുട്ടികളെ യാത്ര ചെയ്യാൻ സ്കൂള്‍ അധികാരികള്‍ എങ്ങനെ അനുവദിച്ചുവെന്ന് ചോദിച്ചു.വിദ്യാഭ്യാസ ഓഫീസറില്‍ നിന്ന് വിശദമായ റിപ്പോർട്ട് തേടി. പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ദക്ഷിണ കന്നഡ ഡിഡിപിഐ ജി എസ് ശശിധർ പ്രധാനാധ്യാപകനെ സസ്‌പെൻഡ് ചെയ്തു. ഫീല്‍ഡ് ട്രിപ്പിന് വകുപ്പിന്‍റെ അനുമതി ലഭിച്ചിട്ടില്ലെന്നും തുറന്ന ഗുഡ്‌സ് വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുപോകുന്നത് നിയമങ്ങള്‍ ലംഘിച്ച്‌ ഗുരുതരമായ സുരക്ഷാ അപകടമുണ്ടാക്കുമെന്നും ഉത്തരവില്‍ പരാമർശിച്ചിട്ടുണ്ട്. അന്തിമ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം കൂടുതല്‍ വകുപ്പുതല നടപടികള്‍ക്ക് സാധ്യതയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *