തിരുവനന്തപുരം: കുരുക്ഷേത്ര യുദ്ധത്തിൽ മരണം കാത്ത് കിടക്കുന്ന ശരശയ്യയിലെ ഭീഷ്മരെ പോലെയാണ് ഈ സർക്കാരെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉത്തരായനത്തിൽ എത്തിയാൽ മരണം സംഭവിക്കുമെന്നത് യാഥാർത്ഥ്യമാണ്. വരാൻ പോകുന്ന തെരഞ്ഞെടുപ്പോടെ ഈ സർക്കാരിന്റെ അന്ത്യംകുറിക്കും എന്നതാണ് സത്യമെന്നും രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.
പല തവണ നിയമസഭയിൽ വന്ന ആളാണ് ഞാന്‍ എന്നാൽ കഴിഞ്ഞ ദിവസം എന്താണ് ഇവിടെ നടന്നത്. ഗവർണർ ഒരു പ്രസംഗം വായിക്കുന്നു. അദ്ദേഹത്തെ യാത്രയയച്ച ശേഷം മുഖ്യമന്ത്രി വേറൊരു പ്രസംഗം വായിക്കുന്നു. പാർലമെൻററി രാഷ്ട്രീയത്തിൽ പരസ്പരം പാലിക്കേണ്ട മര്യാദകൾ പാലിക്കുന്നില്ല. ഗവർണറും അവരും തമ്മിൽ യുദ്ധമാണെന്ന് നാട്ടുകാരെ ബോധിപ്പിക്കാനുള്ള പടുവേലയാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേന്ദ്ര സർക്കാരിനെതിരായ ഇടതുപക്ഷ പ്രതിഷേധം രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ നടത്തി. ലോക് ഭവന് മുന്നിൽ സമരം ചെയ്യാൻ ആർജ്ജവം ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഗവർണറും ഇടതുപക്ഷവും തമ്മിലുള്ള ഒത്തുകളിയാണിതെല്ലാമെന്ന് തങ്ങൾ അന്നേ പറഞ്ഞതാണ്. വി സി നിയമനവുമായി ബന്ധപ്പെട്ട് എന്തൊക്കെ കോലാഹലം നടന്നു. കരിങ്കൊടി പ്രയോഗം നടന്നു. എസ്എഫ്‌ഐക്കാരും ഡിവൈഎഫ്‌ഐക്കാരും സംഘി ഗവർണർ എന്നും പറഞ്ഞ് എത്ര തവണ അദ്ദേഹത്തെ തടഞ്ഞു. ഭാരതാംബയുടെ ചിത്രം വെച്ചതിന്റെ പേരിലുണ്ടായ പ്രശ്‌നത്തിൽ രജിസ്ട്രാറെ പുറത്താക്കി. അതിൽ കേരള രജിസ്ട്രാർ അനിൽകുമാർ മാത്രമാണ് രക്തസാക്ഷിയായതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.












Leave a Reply